അലനല്ലൂർ : ക്ലാസ് മുറിക്കുള്ളിൽ ഓടിക്കയറിയ തെരുവു നായ വിദ്യാർഥിനിയെ ആക്രമിച്ചു പരുക്കേൽപിച്ചു. കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. കോട്ടോപ്പാടം ചേവത്തൂർ പള്ളിക്കു സമീപം കോലോത്തൊടി മൊയ്തുട്ടി – ജസീറ ദമ്പതികളുടെ മകൾ മിഹ്റയ്ക്ക് (11) ആണു പരുക്ക്. വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മിഹ്റ ബാഗ് കൊണ്ടു തടഞ്ഞതിനാലാണു കൂടുതൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.
വാതിലിനോടു ചേർന്ന ബെഞ്ചിലായിരുന്നു മിഹ്റ ഉൾപ്പെടെ 3 കുട്ടികൾ ഇരുന്നത്. സ്കൂൾ പരിസരത്തു രാവിലെ മുതൽ നായ ചുറ്റിത്തിരിയുന്നതു ശ്രദ്ധയിൽപെട്ടതോടെ ക്ലാസ് മുറികളുടെ വാതിൽ ചാരിയായിരുന്നു പഠനം. മിഹ്റയുടെ ക്ലാസിന്റെ വാതിൽ തള്ളിത്തുറന്നാണു നായ അകത്തു കയറിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അധ്യാപിക സി.കെ.ബിന്ദു കൈവശമുണ്ടായിരുന്ന പഴ്സ് എറിഞ്ഞ് നായയെ ഓടിച്ചു. ഇതിനിടെ ക്ലാസിനു പുറത്തുണ്ടായിരുന്ന മറ്റൊരാളെ കടിക്കാൻ ശ്രമിച്ചെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു.