ബോയിങ് ബോയിങ്ങില്‍ യന്ത്രമനുഷ്യനേപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി. പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേണ്‍ പാട്ടുകളുടെ ആരാധികയായ, എല്ലായ്‌പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ. വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, അക്കരെ അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൗസ് ഓണര്‍, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍. സുകുമാരി അനശ്വരമാക്കിയ എത്രയെത്ര വേഷങ്ങള്‍…
മലയാള സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയ നടി. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത കലാകാരി. സുകുമാരിയെ ഓര്‍ക്കുമ്പോള്‍ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്നത്. പകരം, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓര്‍മവരുന്നത്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നര്‍ത്തകി കൂടിയായതുകൊണ്ടായിരിക്കണം, കണ്ണുകള്‍കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നടിയായിരുന്നു സുകുമാരി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിലായി 2500-ഓളം സിനിമകളില്‍ അഭിനയിച്ച പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. നായികയും ഉപനായികയും ചേച്ചിയും അമ്മയും മുത്തശ്ശിയുമൊക്കെയായും അവര്‍ തിരശ്ശീലയിലും പ്രേക്ഷകരുടെ മനസ്സിലും ഒരുപോലെ നിറഞ്ഞുനിന്നു. സിനിമയെ ജീവവായുപോലെ ആത്മാവിലാവാഹിച്ച അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണവര്‍. വിവിധ അഭിനയസംസ്‌കാരങ്ങളിലും തലമുറകളിലും നിറഞ്ഞു നിന്ന യാത്രയായിരുന്നു അവരുടേത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിരിക്കെ 2013-ലാണ് സുകുമാരി വിടവാങ്ങിയത്.1940 ഒക്ടോബര്‍ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവന്‍നായരുടെയും സത്യഭാമ അമ്മയുടെയും മകളായിട്ടാണ് സുകുമാരിയുടെ ജനനം. നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങിയ കുടുംബം. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത- പദ്മിനി- രാഗിണിമാരുടെ കുടുംബത്തില്‍പ്പിറന്ന സുകുമാരിക്ക് അഭിനയം വരസിദ്ധിപോലെയായിരുന്നു. പൂജപ്പുരയിലെ എലിമെന്ററി സ്‌കൂളില്‍ പഠിക്കുകയായിരുന്ന സുകുമാരിയെ ഏഴാംവയസ്സിലാണ് മദ്രാസിലേക്ക് കൊണ്ടുവരുന്നത്. ഇവിടെവെച്ച് അവര്‍ കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ വശമാക്കി.
സുകുമാരിയുടെ നൃത്തം കണ്ട് 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത ‘ഒരു ഇരവ്’ എന്ന തമിഴ് ചിത്രത്തിലൂടെ പത്താംവയസ്സിലാണ് സിനിമയിലേക്ക് ചേക്കേറിയത്. ലളിത, പദ്മിനി, രാഗിണിമാര്‍ക്കൊപ്പം ഒട്ടേറെ തമിഴ്നാടകങ്ങളിലും അവര്‍ അഭിനയിച്ചു.എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പഴയ-പുതുതലമുറകള്‍ക്കൊപ്പവും സുകുമാരി അഭിനയിച്ചിട്ടുണ്ട്.
ഒട്ടേറെ പുരസ്‌കാരങ്ങളും സുകുമാരിയെ തേടിയെത്തി. 2003-ല്‍ രാജ്യം അവരെ പദ്മശ്രീ നല്‍കി ആദരിച്ചു. 1991-ല്‍ തമിഴ്നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് നാലു തവണ അര്‍ഹയായി. 2011-ല്‍ ദേശീയപുരസ്‌കാരത്തിന്റെ നെറുകയിലുമെത്തി.മനസ്സിലെന്നുമോര്‍ക്കാന്‍ പല കഥാപാത്രങ്ങളായി അവര്‍ പ്രേക്ഷകര്‍ക്കുള്ളില്‍ ജീവിക്കുന്നു. സുകുമാരിയില്ലാത്ത 12 വര്‍ഷങ്ങള്‍… ഇനിയും കാലമുരുളുമ്പോള്‍ ആ കലാകാരിയുടെ തേജസ്സ് മലയാള സിനിമാചരിത്രത്തില്‍ തിളങ്ങിക്കൊണ്ടേയിരിക്കുമെന്ന് ഉറപ്പാണ്..