തിരുവനന്തപുരം വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആരോഗ്യ വകുപ്പിൻ്റ തിരിച്ചറിയൽ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.ദുരന്തബാധിതരെ കേള്‍ക്കുകയും’ അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നല്‍കും.
മദ്യം, ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നല്‍കുന്നുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദു
രന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഹൈസ്കുള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കോട്ടനാട് യു.പി സ്കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി.എം.എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച്.എസ്, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി.എല്‍.പി.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്