സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിൽ. 100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം. 100 ഏക്കറിന് സർക്കാർ നിശ്ചയിച്ച പണം നൽകാൻ സർവ്വകലാശാലക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. 50 ഏക്കർ മാത്രം ആദ്യമെടുക്കാമെന്നാണ് തീരുമാനമെന്ന് സർവ്വകലാശാല വിശദീകരിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 16നാണ് ഒരു തുണ്ട് ഭൂമി പോലും വാങ്ങാതെ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സാങ്കേതിക സർവകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. 2014ൽ സ്ഥാപിച്ച സർവകലാശാല തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വന്തം ആസ്ഥാനമന്ദിരം സ്ഥാപിക്കാൻ നെടുങ്കുഴി ഇടമല റോഡിൽ വിളപ്പിൽശാല മാലിന്യസംസ്ക്കരശാലക്കടുത്തുള്ള 100 ഏക്കർ ഭൂമി, വിപണിവില നൽകാമെന്ന് പറഞ്ഞ് സ്ഥലം ഉടമകളിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ സർവകലാശാല വാങ്ങി. ഒരു വർഷം മുൻപ് രേഖകൾ വാങ്ങിയ ഇവർക്ക് ഇപ്പോൾ ആധാരവുമില്ല പണവുമില്ല എന്ന സ്ഥിതിയാണ്.