ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മത്സരത്തിൽ പെർസെബയ 3-2ന് വിജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകർ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു.
ആരാധകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതരം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചത്. ഓക്‌സിജന്റെ അഭാവത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. പൊലീസ് നടപടിയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ കൂട്ടമായി ഓടിയപ്പോൾ വീണുപോയവർ ചവിട്ടേറ്റാണ് മരിച്ചത്.