
ന്യൂഡൽഹി∙ ബാങ്കിൽ സ്ഥിര നിക്ഷേപമായി നൽകിയ 13.50 കോടി രൂപയും പലിശയും ബാങ്ക് ഉദ്യോഗസ്ഥൻ തട്ടിയെടുത്തെന്ന് സ്ത്രീയുടെ പരാതി. സംഭവത്തിൽ കേസെടുത്തതായി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.
വിദേശത്തുനിന്ന് 2016ൽ തിരിച്ചെത്തിയ താൻ ഐസിഐസിഐ ബാങ്കിന്റെ ശാഖയിൽ 13.50 കോടി രൂപ നാലു വർഷത്തേക്കു സ്ഥിര നിക്ഷേപമായി നൽകിയിരുന്നു. ഈയിടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നിക്ഷേപിച്ച തുക നഷ്ടപ്പെട്ടതായി മനസ്സിലായെന്നു യുവതി അറിയിച്ചു. പലിശ ഉൾപ്പെടെ ഏകദേശം 16 കോടി രൂപയാണ് നഷ്ടപ്പെട്ടതെന്നു പരാതിയിൽ അറിയിച്ചു. ഫോൺ നമ്പറും ഇമെയിൽ വിലാസവും രേഖകളിൽ മാറ്റിയെന്നും ആരോപിച്ചു. നിക്ഷേപത്തിനു ബാങ്ക് മാനേജർ കൃത്യമായി രസീത് നൽകിയിരുന്നതിനാൽ സംശയം തോന്നിയിരുന്നില്ലെന്നും യുവതി പറഞ്ഞു.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത്ര നാളായിട്ടും ക്രമക്കേട് കണ്ടെത്താൻ യുവതിക്കു കഴിഞ്ഞില്ലെന്നത് സംശയകരമാണെന്നും ഐസിഐസിഐ ബാങ്ക് വിശദീകരിച്ചു. അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ചുള്ള സന്ദേശങ്ങൾ കൃത്യമായി യുവതിയുടെ മൊബൈൽ ഫോണിലേക്കും ഇമെയിലേക്കും നൽകിയിട്ടുണ്ട്. നിക്ഷേപിച്ച 9.27 കോടി രൂപ പരാതിക്കാരിക്കു തൽക്കാലം തിരിച്ചു നൽകാൻ തയാറാണ്. യുവതി രണ്ടുകോടി രൂപ പിൻവലിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായും ബാങ്ക് അധികൃതർ പറഞ്ഞു.