Spread the love

ദിണ്ടോരി∙ മധ്യപ്രദേശിലെ ദിണ്ടോരിയിൽ ആളെക്കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്കു പരുക്കേറ്റു. ഷാപുര പോലീസ് സ്റ്റേഷൻ പരിധിയിലാണു അപകടം. ബാദ്ഝർ ഘട്ടിനു അടുത്ത് പുലർച്ചെ 1.30നാണ് അപകടമുണ്ടായത്. അയൽഗ്രാമത്തിൽ ‘ഗോഥ് ഭരായ്’ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും വാഹനം തലകീഴായി മറിയുകയുമായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നു തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കു മധ്യപ്രദേശ് സർക്കാർ നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സാസഹായം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി മോഹൻ യാദവ് പ്രാദേശിക ഭരണകൂടത്തോടു പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി മന്ത്രി സമ്പതിയ ഉയ്കെയോട് സംഭവസ്ഥലത്തെത്താനും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുഃഖം താങ്ങാൻ കരുത്തുണ്ടാകട്ടെയും പറഞ്ഞു.

Leave a Reply