ന്യൂഡൽഹി: 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചു. ഈ മരുന്നുകൾക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയിൽ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
പാരസെറ്റാമോൾ ഉൾപ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ) ഉൾക്കൊള്ളുന്ന മരുന്നുകളാണ് എഫ്‌ഡിസി മരുന്നുകൾ.
ഒരു വിദഗ്‌ധ സമിതിയുടെ സ്പർശക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. സാധാരണ അണുബാധകൾ, ചുമ, പനി എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളിൽ പലതും ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിമെസുലൈഡ് പാരസെറ്റമോൾ ഡിസ്പെർസിബിൾ ഗുളികകൾ, ക്ലോഫെനിറാമൈൻ മലേറ്റ് കോഡിൻ സിറപ്പ്, ഫോൽകോഡിൻ പ്രോമെത്താസൈൻ, അമോക്സിസില്ലിൻ ബ്രോംഹെക്സിൻ, ബ്രോംഹെക്സിൻ ഡെക്‌ട്രോമെത്തോർഫാൻ അമോണിയം ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് മെന്തോൾ, പാരസെറ്റൈൻ ക്ലോറൈഡ് ബ്രോമെൻ, പാരസെറ്റമിൻ ക്ലോറൈൻ പി. കൂടാതെ സാൽബുട്ടമോൾ ബ്രോംഹെക്സിൻ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.
പൊതുതാൽപ്പര്യം കണക്കിലെടുത്ത്, 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരം ഈ എഫ്‌ഡിസി മരുന്നുകളുടെ നിർമാണവും വിൽപനയും വിതരണവും നിരോധിക്കണമെന്നായിരുന്നു വിദഗ്‌ധ സമിതിയുടെ ശുപാർശ. രോഗികളിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നതിന് ചികിത്സാ ന്യായീകരണങ്ങൾ ഒന്നുമില്ലെന്നും സമിതി മന്ത്രാലയത്തെ അറിയിച്ചു.
സിഡിഎസ്‌സിഒയുടെ (സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) പ്രവർത്തനത്തെക്കുറിച്ചുള്ള 59-ാമത് റിപ്പോർട്ടിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ചില സംസ്ഥാനങ്ങളിലെ ലൈസൻസിംഗ് അതോറിറ്റികൾ വൻതോതിൽ എഫ്‌ഡിസികൾക്ക് നിർമാണ ലൈസൻസ് നൽകിയതായി നിരീക്ഷിച്ചിരുന്നു. സിഡിഎസ്‌സിഒയിൽ നിന്ന് മുൻകൂർ അനുമതി നേടാതെയാണ് ഇത്തരത്തിൽ മരുന്നുകൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതെന്നുമായിരുന്നു കണ്ടെത്തൽ.