ലക്നൗ∙ ഉത്തർപ്രദേശിൽ ട്രാക്ടർ ട്രോളി കുളത്തിലേക്കു മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്ത്രീകളുമാണു മരിച്ചത്. ഗംഗയിൽ സ്നാനം ചെയ്യാൻ പോകുകയായിരുന്ന തീർഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാറുമായി കൂട്ടിയിടിക്കുന്നതു തടയാൻ ശ്രമിക്കവേ ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്കു വഴിവച്ചത്. പരുക്കേറ്റവരെ കാസ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായമായി രണ്ടുലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 50000 രൂപ വീതവും നൽകും. പരുക്കേറ്റവർക്കു കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.