സംസ്ഥാനത്തുടനീളം അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരഗ്രാമം പദ്ധതിയിലൂടെ ഒരു പ്രദേശത്തിന്റെനാളികേര സമൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തെങ്ങ് മലയാളികളുടെ വികാരമാണ്. ഉരുക്കുവെളിച്ചെണ്ണയുടെ സാധ്യത മനസ്സിലാക്കി കുടുംബശ്രീ പ്രവർത്തകർ ഉരുക്കു വെളിച്ചെണ്ണ യൂണിറ്റുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിയെടുത്താൽ മാത്രമേ വിലക്കയറ്റം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ250 ഹെക്ടർ പ്രദേശത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെവിതരണം, ജൈവവള നിർമാണ യൂണിറ്റ് ആരംഭിക്കൽ, തെങ്ങിന് ആവശ്യമായ രാസവളം, കീടനാശിനി എന്നിവയുടെ ലഭ്യത ഉറപ്പാക്കൽ, കേടുവന്ന തെങ്ങ് മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടീൽ, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിള കൃഷിക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.