ലൈഫ് ഭവന നിർമ്മാണത്തിന് ഹഡ്കോയിൽ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഹഡ്കോ റീജിയണൽ ചീഫ് ബീന ഫിലിപ്പോസ് കെ യു ആർ ഡി എഫ് സി മാനേജിംഗ് ഡയറക്ടർ ആർ എസ് കണ്ണന് അനുമതിപത്രം കൈമാറി.
ഹഡ്കോയും കെ യു ആർ ഡി എഫ് സിയും തമ്മിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ യു ആർ ഡി എഫ് സിയും തമ്മിലും കരാറിൽ ഏർപ്പെടാൻ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. വായ്പാ വിതരണവും തിരിച്ചടവും മോണിറ്റർ ചെയ്യാൻ പി എം യു സംവിധാനം ഒരുക്കും. കെ യു ആർ ഡി എഫ് സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാണ് വായ്പാതുക കൈകാര്യം ചെയ്യുക. ലൈഫ് വീടുകൾക്ക് വേണ്ടിയുള്ള തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് ഐ കെ എമ്മും എസ് ബി ഐയും ചേർന്ന് സോഫ്റ്റ്വെയർ സൗകര്യം ഒരുക്കും.
സംസ്ഥാനത്തെ 71800 ഗുണഭോക്താക്കൾക്കാണ് ഹഡ്കോ വായ്പകൊണ്ട് ലൈഫ് മിഷൻ വീടൊരുക്കുന്നത്. ഗ്രാമീണ മേഖലയിലെ 69217 ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിനായി 1448.34 കോടിയും നഗര പ്രദേശങ്ങളിലെ 2583 ഗുണഭോക്താക്കൾക്ക് 51.66 കോടി രൂപയും വിനിയോഗിക്കും. വായ്പാ അനുമതി പത്രം കൈമാറുന്ന ചടങ്ങളിൽ ഹഡ്‌കോ ജോയിന്റ് ജനറൽ മാനേജർ ജോൺ ജോസഫ് വടശ്ശേരിയും ലൈഫ്മിഷൻ സി ഇ ഒയും മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.