Spread the love

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തോടെ ഒരുപാട് മാറ്റങ്ങളാണ് വിവാഹചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും വന്നിരിക്കുന്നത്. ആളുകൾ ആഡംബരവുമായി നടത്തിയിരുന്ന പല ചടങ്ങുകളും ചുരുങ്ങിയ ചിലവിൽ നടത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.എന്നാൽ തൃശൂര്‍ മൂഴിക്കുളത്താണ് ഒരു വ്യത്യസ്തമായ രീതിയിൽ വിവാഹം നടന്നത്.കോവിഡ് പ്രോട്ടോക്കോള്‍ അപ്പാടെ പാലിച്ചു കൊണ്ട് എന്നാല്‍ നാട്ടിലെ 150 ഓളം കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വിവാഹമാണ് ശ്രദ്ധേയമാകുന്നത്. മൂഴിക്കുളം സ്വദേശി വിവേകും കോയമ്പത്തൂര്‍ സ്വദേശി നിഷയും തമ്മിലുള്ള വിവാഹമാണ് 40-ല്‍ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയത്. എന്നാല്‍ അയല്‍പക്കത്തെ 150 കുടുംബങ്ങള്‍ക്ക് വിവാഹം വീട്ടില്‍ തന്നെ ഇരുന്ന് കാണാനുള്ള സൗകര്യം വിവേകിന്റെ അച്ഛന്‍ പ്രേംകുമാര്‍ ഒരുക്കുകയായിരുന്നു.കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണത്തിന്റെ പ്രചാരകനായ പ്രേംകുമാര്‍ അയല്‍പക്കത്തെ വീടുകളിലേക്ക് വ്യത്യസ്തമായ വൈവിധ്യമാര്‍ന്ന ഭക്ഷണയിനങ്ങളോടു കൂടിയ സത്കാര പൊതികളും എത്തിച്ചു.ഓറഞ്ച്, പേരയ്ക്ക, ആപ്പിള്‍, കദളിപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, പച്ചക്കറിവിത്ത്, റാഗി ഉണ്ട, കാര്‍ബണ്‍ ന്യൂട്രല്‍ അടുക്കള കൈപ്പുസ്തകം, പാളകൊണ്ട് നിര്‍മിച്ച ലില്ലിപ്പൂവ് എന്നിവയായിരുന്നു പൊതിയിൽ ഉണ്ടായിരുന്നത്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ പേപ്പര്‍ ബോക്‌സില്‍ നവദമ്പതിമാരുടെ ചിത്രവും ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിവാഹച്ചടങ്ങ് കാണാനാഗ്രഹമുള്ളവര്‍ക്ക് ചടങ്ങുകള്‍ കാണാനാകുന്ന സംവിധാനവുമാണ് ഇദ്ദേഹം ഒരുക്കിയിരുന്നത്.

Leave a Reply