തിരുവനന്തപുരം: നഗരങ്ങളിലും ഗ്രാമങ്ങളിലുമായി പ്രവർത്തിക്കുന്നത് 1680 സഹകരണ ഓണച്ചന്ത. 13 ഇനം നിത്യോപയോഗസാധനങ്ങൾ പകുതി വിലയ്‌ക്ക് ഇവിടെ ലഭ്യം. പൊതുവിപണിയിൽനിന്നും 30 ശതമാനംവരെ വിലക്കുറവിൽ സബ്സിഡി ഇനങ്ങളും, 10 മുതൽ – 40 ശതമാനംവരെ വിലക്കുറവിൽ സബ്‌സിഡിയിതര ഇനങ്ങളും ലഭ്യമാണ്.
സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും, സഹകരണ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഓണച്ചന്തകളിൽ ലഭ്യമാണ്. പച്ചക്കറി, പലവ്യഞ്ജന ഉൽപ്പന്നങ്ങളും ചേർത്ത് സഹകരണ ഓണച്ചന്തകൾ, ഗ്രാമീണ ചന്തകൾ എന്നീപേരുകളിലും ഓണം വിപണി തുടങ്ങി.
അരി -25 രൂപ,
പച്ചരി- 23 രൂപ,
പഞ്ചസാര- 22 രൂപ, വെളിച്ചെണ്ണ(500 മില്ലിഗ്രാം) – 46 രൂപ,
ചെറുപയർ- 74 രൂപ,
മുളക്- 75 രൂപ,
മല്ലി- 79 രൂപ,
ഉഴുന്ന്- 66 രൂപ,
കടല -43 രൂപ എന്നിങ്ങനെയാണ് വില. തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവയ്‌ക്ക് പ്രത്യേക വിലക്കുറവുണ്ട്.
സഹകരണമേഖലയുടെ ഉൽപ്പന്നങ്ങൾ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലൂടെയും വിൽക്കുന്നു. ഇതിനായി സഹകരണ കോർണർ ഒരുക്കി. 344 ഉൽപ്പന്നം ഇത്തരത്തിൽ ഓണ വിപണിയിലുണ്ട്. സഹകരണ എക്‌സ്‌പോയിൽ എത്തിയ ഉൽപ്പന്നങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഓണം വിപണി ആരംഭിച്ച് നാലുദിവസത്തിനുള്ളിൽ ശേഖരിച്ച സാധനങ്ങളുടെ 25 ശതമാനം വിറ്റഴിച്ചു. 341 രൂപ യുടെ മിൽമ ഓണക്കിറ്റ് 297 രൂപയ്ക്കും, കശുവണ്ടി വികസന കോർപറേഷന്റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിലും ഓണച്ചന്തകളിലുണ്ട്. മിൽമ ഒരു ലക്ഷം കിറ്റാണ് ഒരുക്കിയിട്ടുള്ളത്.