ജാമ്യത്തിലിറങ്ങിയ അച്ഛന്റെ കൊലപാതകിയെ തലയ്ക്കടിച്ച് കൊന്ന് 17-കാരന്‍
കല്‍ബുര്‍ഗി: അച്ഛെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ കൊലപാതകിയെ കൊലപ്പെടുത്തി പതിനേഴുവയസുകാരനായ മകന്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ ചിന്‍ചോളി താലൂക്കിലെ ദേഗ്ലമണ്ടി ഗ്രാമത്തിലാണ് സംഭവം.
രാജ്കുമാര്‍ എന്ന 35-കാരനെയാണ് 17-കാരന്‍ ചൊവ്വാഴ്ച രാത്രി കൊലപ്പെടുത്തിയത്. 17-കാരന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ രാജ്കുമാര്‍
വര്‍ഷങ്ങളായി ജയിലായിരുന്നു. ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. രാജ് കുമാറിനെ 17-കാരന്‍ പിടിച്ചുതള്ളിയ ശേഷം വലിയ കല്ലെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നിരന്തരം ഇയാള്‍ കൊലപ്പെടുത്തിയാളുടെ കുടുംബത്തെ ശല്യപ്പെടുത്തുമായിരുന്നു. ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച മധ്യപിച്ചെത്തി ഭീഷണി മുഴുക്കുമ്പോഴായിരുന്നു പ്രകോപിതനായ 17-കാരന്‍ ഇയാളെ ആക്രമിച്ചത്.
കൊല്ലപ്പെട്ട രാജ് കുമാര്‍ സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഗ്രാമീണര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാള്‍ നാട്ടില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം പൊലീസ് കസ്റ്റഡിയില്‍ എടുത്ത 17-കാരനെ താല്‍ക്കാലികമായി ഷെല്‍റ്റര്‍ ഹോമില്‍ റിമാന്റ് ചെയ്തു. കേസില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് എടുക്കുമെന്ന് ചിന്‍ചോളി പൊലീസ് അറിയിച്ചു.