ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അത് പാലിക്കുന്ന നടിയാണ് നയന്‍താര. താരം ഇന്ന് 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആസ്തിയുടെ കാര്യത്തിലും വരുമാനത്തിന്റെ കാര്യത്തിലും, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒന്നിലും നയന്‍താരയെ പിന്‍തള്ളാന്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം.മലയാള സിനിമയിലൂടെ തുടക്കം കുറിച്ചു, പിന്നീട് സഹതാര വേഷങ്ങള്‍ ചെയ്തു. നായികയായി തമിഴില്‍ എത്തിയപ്പോള്‍ ആദ്യം ഗ്ലാമര്‍ നായിക എന്ന നിലയില്‍ തഴയപ്പെട്ടിരുന്നുവെങ്കിലും, അവിടെ നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു കയറുകയായിരുന്നു നയന്‍താര. കൊടികെട്ടിയ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായികമാര്‍ക്കൊപ്പം മത്സരിച്ച് മുന്‍നിരയിലെത്തി. അവരാരും സ്വന്തമാക്കാതിരുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ടാഗും നേടിയെടുത്തു.
അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. സിനിമയില്‍ തന്റേതായ കരിയര്‍ ബില്‍ഡ് ചെയ്യുമ്പോഴും, ഫിനാന്‍ഷ്യലി വളരെ ശക്തയായ ഒരു സ്ത്രീയായി മാറുകയായിരുന്നു നയന്‍. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍താര ഇപ്പോള്‍ വാങ്ങുന്നത് 5 കോടി മുതല്‍ 12 കോടി വരെയാണ്. ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ വാങ്ങിയത് 11 കോടിയാണ്, ഇപ്പോഴിതാ തന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. നമ്മുടെ നാട്ടില്‍ കിട്ടാത്ത ആരോഗ്യകരമായ ഭക്ഷണത്തിന് പിന്നാലെയാണ് മിക്കയാളുകളും. എന്നാല്‍ നമ്മുടെ തനത് നാടന്‍ ഭക്ഷണങ്ങളാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് പറയുകയാണ് നയന്‍താര.
വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളും സീസണല്‍ പഴങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. താന്‍ അതാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും താരം പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. ഇത് നമ്മുടെ ചര്‍മത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ലതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭക്ഷണശീലത്തിന് പുറമെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവും താരം ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധമല്ല സന്തോഷമാണ് തനിക്ക് തോന്നുന്നത്. ജങ്ക് ഫുഡ് കഴിക്കാന്‍ ഇപ്പോള്‍ തോന്നാറില്ലെന്നും നയന്‍താര വ്യക്തമാക്കുന്നുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും നയന്‍താര പറയുന്നു









