കോഴിക്കോട്∙ താമരശ്ശേരി ചുരത്തിൽ കാറിൽ ലഹരിമരുന്ന് കടത്തിയ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മൽ വീട്ടിൽ ഫവാസ് (27), ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ വീട്ടിൽ പി. ജാസിൽ (23) എന്നിവരെയാണ് 193.762 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും കമ്മിഷണർ സ്‌ക്വാഡും സംയുക്തമായി താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരം എട്ടാം വളവിൽ വച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ലഹരിമരുന്ന് മൈസൂരുവിൽനിന്നും രണ്ട് ലക്ഷം രൂപയ്ക്ക് മൊത്തവ്യാപാരിയിൽനിന്നു വാങ്ങിയതാണെന്നും, കേരളത്തിൽ ചില്ലറ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ ലഭിക്കുമെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു.