
കൊപ്പം : പട്ടാമ്പി – പുലാമന്തോള്‍ പാതയില്‍ രണ്ടു അപകടങ്ങളിലായി അഞ്ചു പേര്‍ക്ക് പരുക്ക്. തൃത്താല കൊപ്പം സെന്ററിനു സമീപം ചക്കുറ്റി റോഡിലേക്ക് പോകുന്ന ഭാഗത്തും പുതിയ റോഡിനു സമീപത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. ചക്കുറ്റി റോഡിനു സമീപം കാറും മിനി ലോറിയും ഇടിച്ചാണ് അപകടം. കൊപ്പം ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് പോയ മിനിലോറിയില്‍ പട്ടാമ്പി ഭാഗത്ത് നിന്ന് വന്ന കാര്‍ ആണ് ഇടിച്ചത്. കാറില്‍ എട്ടു പേരാരാണ് ഉണ്ടായിരുന്നത്. നാലു പേര്‍ക്കും മിനി ലോറി ഡ്രൈവര്‍ക്കുമാണ് പരുക്ക്.
കാറില്‍ ഉണ്ടായിരുന്ന എല്ലാവരും തിരുമിറ്റക്കോട് സ്വദേശികളാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ലോറി ഭാഗികമായും തകര്‍ന്നു. പാതയോരത്ത് കൂട്ടിയിട്ട ചെങ്കല്‍ കൂനയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് പുതിയ റോഡിനു സമീപം അപകടം. കോഴിക്കോട് നിന്ന് കൊപ്പം വഴി പട്ടാമ്പിയിലേക്ക് പോയ കാര്‍ ആണ് റോഡ് സൈഡില്‍ കൂട്ടിയിട്ട ചെങ്കല്ലില്‍ ഇടിച്ചു കയറിയത്.
കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസ്സാര പരുക്ക് പറ്റി. പരുക്ക് പറ്റിയ എല്ലാവരും പട്ടാമ്പി, കൊപ്പം ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെയായിരുന്നു രണ്ടു അപകടങ്ങളും. സംഭവത്തെ തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ ആണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വിവരം പൊലീസില്‍ വിളിച്ചു പറഞ്ഞതും. പൊലീസ് എത്തി ഏറെ നേരത്തിനു ശേഷമാണ് പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.