മലപ്പുറം: മേലാറ്റൂരിൽ വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തുന്ന സംഘം പിടിയിൽ. 12 കിലോ ഗ്രാം കഞ്ചാവും ആയുധങ്ങളും പ്രതികളിൽ നിന്നു പിടിച്ചെടുത്തു. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി നൗഫൽ (34), പെരിന്തൽമണ്ണ കാപ്പ് മേൽക്കുളങ്ങര സ്വദേശി നജീബ് റഹ്മാൻ (29) എന്നിവരെയാണു മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടന്നത്. പ്രതികളിൽ നിന്നു 50 ഗ്രാം വീതം തൂക്കം വരുന്ന 240 കഞ്ചാവ് പൊതികൾ പിടിച്ചെടുത്തു. ഒരു പൊതി 2000 രൂപയ്ക്കു വിൽപന നടത്താനായി തയാറാക്കിയതാണെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചു. 12 കിലോ കഞ്ചാവ് കൂടാതെ 3 മൊബൈൽ ഫോണുകൾ, തൂക്കം നോക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക്സ് ത്രാസ്, വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവ കണ്ടെത്തി.
കഞ്ചാവ് വിൽപനയിലൂടെ സമ്പാദിച്ച 25000 രൂപയും പിടിച്ചെടുത്തു. മുഖ്യ പ്രതി നൗഫൽ നേരത്തേ അടിപിടി കേസുകളിലും ലഹരിമരുന്നു കൈവശംവച്ച കേസിലും പ്രതിയാണെന്നു പൊലീസ് അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്ക്വാഡ് അംഗം ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ വിജയൻ മുതുവല്ലൂർ, പ്രകാശ് പുഴക്കൽ, സിവിൽ എക്സൈസ് ഓഫിസർമാരായ സഫീറലി. കെ. റാഷിദ്, സജി പോൾ, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.