Spread the love

കോഴിക്കോട് : ജില്ലയിൽ പനി ബാധിച്ചു രണ്ട് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ആരോഗ്യവകുപ്പ് ഡയറക്ടറും കോഴിക്കോട്ടേക്കു തിരിച്ചു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രിൽ മരിച്ച രണ്ടു പേർക്ക് നിപ്പ സംശയിക്കുന്നതിനെ തുടർന്നാണ് ഇത്. ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിച്ചതിനു ശേഷമേ നിപ്പയാണോ എന്ന സ്ഥിരീകരണം ലഭിക്കുകയുള്ളു. ആദ്യ രോഗി മരിച്ചത് ഒാഗസ്റ്റ് മുപ്പതിനാണ്. അടുത്ത ആൾ ഇന്നലെയും. ആദ്യരോഗി മരിച്ചപ്പോൾ സാംപിൾ നിപ്പ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.നേരത്തെ നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്.

നിപ്പ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആരോഗ്യ ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇന്ന് കോഴിക്കോട് എത്തും. മരുതോങ്കരയിൽ ഇന്നലെ പനി സർവേ നടത്തി

Leave a Reply