തെന്നിന്ത്യയിലും പാൻ ഇന്ത്യൻ തലത്തിലും ഒരു പോലെ ആരാധക പിന്തുണയുള്ള മറ്റൊരു നടനുണ്ടോ എന്ന കാര്യം സംശയമാണ്. അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മലയാളത്തിൽ ആണെങ്കിലും തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും എന്തിനു ബോളിവുഡിൽ ആണെങ്കിലും ദുൽഖറിന് തന്റേതായ സ്ഥാനവുമുണ്ട്. ഒരു ഭാഷയിൽ താരവും മറ്റു ഭാഷകളിൽ അതിഥി താരവുമല്ല. അഭിനയിച്ച എല്ലാ ഇന്ടസ്ട്രികളിലും സൂപ്പർ സ്റ്റാർ ആയ കഥയാണ് താരത്തിന് പറയാൻ ഉണ്ടാവുക.
കൂടുതലും വിജയങ്ങൾ എണ്ണി പറയാൻ ഉള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്ത വിജയകരമായി തിയറ്ററിൽ തുടരുന്നതിനിടെ താരം നൽകിയ ഏറ്റവും പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ താൻ തകര്‍ന്നുപോയ രണ്ടു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നും താൻ ഒരുപാടു കാര്യങ്ങൾ പഠിച്ചുവെന്നും, ആ അനുഭവങ്ങൾ ആണ് തന്നെ മാറ്റി മറിച്ചതെന്നും താരം പറയുന്നു.
ദുൽഖറിന്റെ വാക്കുകൾ..
സ്കൂളിൽ പഠിക്കുമ്പോൾ ഞാന്‍ ആരോ ആണെന്ന ഭാവം ആയിരുന്നു എനിക്ക്. പെട്ടെന്നാണ് ആരും എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും ഇഷ്ടം തോന്നുന്നൊരു സ്വഭാവമല്ല എന്റേതെന്നും തിരിച്ചറിയുന്നത്. എന്റെ സുഹൃത്തുക്കള്‍ ഒരുനാള്‍ എന്നോട് ഇനി നീയുമായി ഞങ്ങള്‍ക്ക് സൗഹൃദമില്ലെന്നും നിന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണെന്നും പറഞ്ഞു. അതിന് ഞാനിന്ന് നന്ദി പറയുകയാണ്.
അന്നത്തേത് പോലെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്ക് നല്ല സൗഹൃദങ്ങളോ ഒരു വ്യക്തിത്വമോ ഉണ്ടാകുമായിരുന്നില്ല. ആ സംഭവം എന്നെ മാറ്റി. എനിക്ക് ആളുകളുടെ ഇഷ്ടം വേണം. പക്ഷെ എന്തുകൊണ്ട് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല? അവിടെ നിന്നുമാണ് എന്റെ വ്യക്തിത്വം മാറുന്നതും. ആളുകളുമായി തുറന്ന് സംസാരിക്കാനും, അവര്‍ എന്താണ് വായിക്കുന്നത് എന്ത് പാട്ടാണ് കേള്‍ക്കുന്നത്, അങ്ങനെ കുറേക്കൂടി ഇന്ററസ്റ്റിങ് ആയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു. ആളുകള്‍ക്ക് ഇഷ്ടം തോന്നണമെങ്കില്‍ നമ്മല്‍ അനുകമ്പയുള്ളവരായിരിക്കണം എന്ന് തിരിച്ചറിഞ്ഞു. സിമ്പിളായൊരു കാര്യമായിരുന്നുവെങ്കിലും 12-13 വയസുള്ളപ്പോള്‍ എനിക്കത് അറിയില്ലായിരുന്നു. അനുകമ്പയുള്ളവരാകാന്‍ വലിയ സ്ഥാനമാനങ്ങളില്‍ ഇരിക്കുകയൊന്നും വേണ്ട. അതൊരു മാനിസാകവസ്ഥയാണ്
രണ്ടാമത്തെ സാഹചര്യം സിനിമയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ്. ഞാന്‍ അന്ന് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. അതൊരു ദുരന്തമായിരുന്നു. ഞാന്‍ ചെന്ന് ഒരു കൊല്ലം കഴിയുമ്പോഴാണ് ആഗോള സാമ്പത്തികമാന്ദ്യം വരുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. എങ്ങോട്ട് പോകണമെന്ന് അറിയില്ല. എനിക്കാണെങ്കില്‍ വീട്ടുകാരുടെ കാശിന് ജീവിക്കാനും വയ്യ. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു. എന്ത് വേണമെങ്കിലും അത് സ്വയം നേടണം എന്നാണ് എന്റെ ചിന്ത. ആ സമയം, 26-ാം വയസില്‍, ഞാനൊരു വലിയ പരാജയം ആണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്
ഇന്‍ഡസ്ട്രിയില്‍ നിന്നുമല്ലാതിരുന്ന സുഹൃത്തിനൊപ്പം ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ അവന് ഇത്രയും ധൈര്യമുള്ളപ്പോള്‍ എനിക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്ന് ചിന്തിച്ചു. അതേക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചു. വാപ്പിച്ചി വളരെ പ്രൊടക്ടീവാണ്. നിനക്ക് വേണ്ട് എനിക്ക് വന്ന് നിന്ന് അഭിനയിക്കാനാകില്ല, നീ തന്നെ അഭിനയിക്കണം. നീ മോശമായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ ക്രൂരമായിട്ടാകും പെരുമാറുക. എന്റെ മകനായതു കൊണ്ട് മാത്രം അവര്‍ നിന്നെ ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞു. അദ്ദേഹത്തോട് മനസ് തുറന്ന് സംസാരിച്ച അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നാല്‍പ്പതാം വയസില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇഷ്ടമുള്ളൊരു കാര്യം ശ്രമിച്ചു പോലും നോക്കിയില്ലല്ലോ എന്ന കുറ്റബോധം തോന്നിയേക്കാം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു.







