കെയ്റോ : ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ, ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക മാധ്യമമാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന ഇസ്രയേലി വിനോദസഞ്ചാരികളുടെ സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.