Spread the love

കണ്ണൂർ ∙ അവധി ദിനത്തിലും പരശുറാം എക്സ്പ്രസിൽ ശ്വാസംമുട്ടിക്കുന്ന തിരക്ക്. മന്നം ജയന്തിദിനമായ ഇന്നലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നെങ്കിലും പരശുറാം എക്സ്പ്രസിലെ തിരക്കിനു കുറവില്ലായിരുന്നു. ഇന്നലെയും രാവിലെ 2 യാത്രക്കാർ തിരക്കിൽപ്പെട്ടു കുഴഞ്ഞുവീണു.

രാവിലെ മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് എൻജിനിൽ നിന്ന് അഞ്ചാമത്തെ കോച്ചിലും ലേഡീസ് കോച്ചിലുമായി യാത്രക്കാർ കുഴഞ്ഞുവീണത്. കണ്ണൂരിൽ നിന്ന് കൊല്ലത്തെ കോളജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയും വേറൊരു യാത്രക്കാരനുമാണു കുഴഞ്ഞുവീണത്.

കൊല്ലത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി ട്രെയിനിൽ കയറിയതു മുതൽ നിൽക്കുകയായിരുന്നു. കോഴിക്കോട്ട് എത്താറായപ്പോഴാണ് വിദ്യാർഥിനി കുഴഞ്ഞുവീണത്. കൂടെ യാത്ര ചെയ്തിരുന്നവർ സീറ്റ് ഒഴിഞ്ഞുകൊടുത്ത് വെള്ളം കൊടുത്തു പരിചരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്കു തിരിച്ചുപോകുന്നവരാണ് ട്രെയിനിൽ ഉണ്ടായിരുന്നവരിൽ ഏറെയുമെന്നു യാത്രക്കാർ പറഞ്ഞു. വൈകിട്ട് പരശുറാം എക്സ്പ്രസിന്റെ മടക്കയാത്രയിലും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.

തമിഴ്നാട്ടിൽ‍ 46 കിലോമീറ്റർയാത്രയ്ക്ക് പ്രത്യേക ട്രെയിൻ
വടക്കേ മലബാറിനോട് ക്രൂരമായ അവഗണന തുടരുന്ന റെയിൽവേ തമിഴ്നാട്ടിൽ കേവലം 46 കിലോമീറ്റർ യാത്രയ്ക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഓടിത്തുടങ്ങി. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിൽ ഒന്നേകാൽ മണിക്കൂർ യാത്രയ്ക്കാണ് 12 കോച്ചുകളുള്ള പ്രത്യേക ട്രെയിൻ അനുവദിച്ചത്. രാവിലെ 5.20നു കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട് പോത്തന്നൂർ, കിണറ്റുകടവ് എന്നിവിടങ്ങളിൽ നിർത്തി 6.25നു പൊള്ളാച്ചിയിലും തിരികെ 7.25നു പുറപ്പെട്ട് 8.40നു കോയമ്പത്തൂരിലും എത്തും. സേലം ഡിവിഷനു കീഴിലാണ് ഈ സ്റ്റേഷനുകൾ.

Leave a Reply