പോത്തൻകോട് : ബൈക്കിലെത്തിയ മോഷ്ടാക്കൾ നടന്നു പോകുകയായിരുന്ന യുവതിയുടെ സ്വർണത്താലി കോർത്ത മാല പൊട്ടിച്ചെടുത്തു കടന്നു. ശ്രീനാരായണപുരം മഞ്ജു ഭവനിൽ വി.മഞ്ജുവിന്റെ 22,000 വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കാരമൂട് ജംക്‌ഷനു സമീപം ഇടറോഡിൽ വച്ചായിരുന്നു സംഭവം. കാരമൂട്ടിൽ താമസിക്കുന്ന അമ്മുമ്മ ഭവാനിക്ക് സുഖമില്ലെന്നറിഞ്ഞ് 4 വയസുള്ള മകനുമായി മഞ്ജു അവിടേക്ക് പോകുകയായിരുന്നു. ബൈക്കിൽ രണ്ടുപേർ തന്നെ കടന്നു പോയെന്നും അവർ ഉടനെ മടങ്ങിയെത്തി അടുത്തു നിർത്തുകയും പിന്നിലിരുന്നയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നെന്നും മഞ്ജു പറഞ്ഞു. മുന്നിലിരുന്നയാൾ കറുത്ത മാസ്കും ചുവന്ന നിറമുള്ള ഷർട്ടും പിന്നിലിരുന്നയാൾ കടും നീലനിറത്തിൽ പൂക്കളുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.