അസറ്റിലീൻ വാതകമെന്ന അപകടം; മാങ്ങാണ്ടി പോലും മൂക്കാത്ത മാങ്ങകൾ ‘മാമ്പഴ’മാകും; കൃത്രിമമായി പഴുപ്പിച്ച പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് ഭീഷണി; തമിഴ്‌നാട്ടിൽ നശിപ്പിച്ചത് രാസ വസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 2 ടൺ മാമ്പഴം; കേരളത്തിലും വേണ്ടത് കരുതൽ തന്നെ..!
വിപണികളിൽ മാമ്പഴത്തിൽ കാർബൈഡ് അനുവദിക്കില്ലെന്ന് എന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചതിന് പിന്നാലെ കേരളത്തിലേക്ക് വിൽപ്പന നടത്താനായി രാസ വസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 2 ടൺ മാമ്പഴം തമിഴ്‌നാട്ടിൽ നശിപ്പിച്ചു. ഇതോടെ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത് വിശ്വസിക്കാനാവാത്ത സ്ഥിതിയിലേക്കെത്തുകയാണ്.
തമിഴ്നാട് തിരുപ്പൂർ കോർപറേഷൻ പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 6 ഗോഡൗണുകളിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയാത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി പിഴ ഈടാക്കി.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരും. മായം കലർത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു കർശന പരിശോധന നടത്താൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് കാർബൈഡ് ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്. ഇത്തരത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ.
കാർബൈഡ് വാതകം എന്ന് പൊതുവെ അറിയപ്പെടുന്ന അസറ്റിലീൻ വാതകം ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴവർഗ്ഗങ്ങൾ ഒരു വ്യക്തിയും കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (വിൽപ്പന നിരോധനവും നിയന്ത്രണവും) ഉപവകുപ്പ് 2.3.5 അനുശാസിക്കുന്നതായി ഫുഡ് സേഫ്റ്റി വിഭാഗം വ്യക്തമാക്കുന്നു.
വിള വൈവിധ്യവും പകമാകുന്നതിനെടുക്കുന്ന കാലയളവ് പരിഗണിച്ച് 100 പി.പി.എം. വരെ സാന്ദ്രതയുള്ള എഥിലീൻ വാതകം ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ പഴുപ്പിക്കുന്നത് അനുവദനീയമാണ്. എഥിലീൻ ഒരു സുരക്ഷിതമായ ബദൽ മാർഗ്ഗമാണ്. പഴങ്ങൾ പാകമാകുന്നതിനുള്ള പ്രകൃതിദത്തവും സ്വാഭാവികവുമായ മാർഗ്ഗമായി പഴവർഗ്ഗങ്ങളിലും എഥിലീൻ കണ്ടു വരുന്നു. എന്നാൽ 100 പി.പി.എമ്മിന് മുകളിലാണെങ്കിൽ പഴങ്ങളുടെ സ്വാഭാവിക ഗുണം ഇല്ലാതാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് മാങ്ങ ഏറെയും എത്തുന്നത്. നല്ല മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിന്റെ രഹസ്യം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനേ കഴിയില്ല. കഴിച്ചു കഴിയുമ്പോഴാണ് പണികിട്ടുക. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രാഥമിക പരിശോധന തുടങ്ങിയത്. നിലവിൽ ഒരിടത്ത് നിന്നും കാർബൈഡ് അടങ്ങിയ മാമ്പഴം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉദ്യോഗസ്ഥർ ഗുഡ് സർട്ടിഫിക്കറ്റ് നൽകുമ്പോഴും ഒട്ടുമിക്ക കടകളിൽ മാങ്ങാണ്ടിപോലും മൂക്കാത്ത മാങ്ങകൾ ‘മാമ്പഴ’മായി വിൽപ്പനയ്ക്കുണ്ട്. ഇതെങ്ങനെ പഴുപ്പിച്ചെടുക്കുന്നുവെന്ന് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.