
കൊച്ചി : എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്കു മറിഞ്ഞ് രണ്ടു ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മതിലകം പാമ്പിനേഴത്ത് അജ്മൽ (27), കൊല്ലം സ്വദേശി അദ്വൈത് (27) എന്നിവരാണു മരിച്ചത്. ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ഞായറാഴ്ച പുലർച്ചെ 12.30ന് ഗോതുരുത്ത് കടൽവാതുരുത്തിൽ പെരിയാറിന്റെ കൈവഴിയിലാണ് അപകടം. മൂന്നു ഡോക്ടർമാരും ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിനിയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡോ.ഖാസിക്, മെയിൽ നഴ്സായ ജിസ്മോൻ, മെഡിക്കൽ വിദ്യാർഥിനിയായ തമന്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോയ ഇവർ വഴി തെറ്റി കടൽവാതുരുത്ത് കടവിലേക്കുള്ള റോഡിലേക്ക് കയറുകയായിരുന്നു. റോഡ് അവസാനിക്കുന്നിടത്തു പുഴയാണെന്നു മനസ്സിലാകാതിരുന്നതാണ് അപകടകാരണമെന്നു പറയുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്. ഇന്നലെ രാത്രി കൊച്ചിയിൽ ഒരു പാർട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം.
അപകടം നടന്ന ഉടനെ കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും മുങ്ങിത്താഴ്ന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നരയോടെയാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട മൂന്നു പേരെ ക്രാഫ്റ്റ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.