തിരുവനന്തപുരം: കോവിഡ് രോഗികളില്‍ കൂടുതലും 20നും 30നും ഇടയില്‍ പ്രായമുള്ളവരെന്ന് മന്ത്രി വീണാ ജോര്‍ജ്.എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും പ്രത്യേക കണ്ട്രോള് റൂം തുറക്കും.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വര്‍ധിച്ചാല്‍ രോഗികളെ ആവശ്യാനുസരണം മെഡിക്കല്‍ കോളജുകളില്‍ എത്തിക്കുന്നത് ക്രമീകരിക്കലാണ് ലക്ഷ്യം. ജില്ലകളിലെ പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട് യൂനിറ്റുകളാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യം തീരുമാനിക്കുക. മെഡിക്കല്‍ കോളജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കാനാണ് കണ്ട്രോള് റൂം.
കുട്ടികളിലെ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക കാമ്ബയിന് സംഘടിപ്പിക്കും. 15ന് മുകളിലുള്ളവരില്‍ 68 ശതമാനംപേര്‍ക്ക് വാക്സിന് നല്കി. 18നു മുകളിലുള്ളവരുടെ വാക്സിനേഷന് 84 ശതമാനം പൂര്‍ത്തിയാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടയില്‍ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ 4917 പേരെ നിയമിക്കാന്‍ തീരുമാനിച്ചു. കോവിഡ് ബ്രിഗേഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. കോവിഡ് ചികിത്സയിലുള്ളവരില്‍ ഓക്സിജന്‍ കിടക്ക ആവശ്യമുള്ളത് 0.7 ശതമാനം പേര്‍ക്ക്. 0.4 ശതമാനം പേര്‍ക്കാണ് ഐ.സി.യു കിടക്ക ആവശ്യം വന്നത്.
സംസ്ഥാനത്ത് ആകെയുള്ള 3107 ഐ.സി.യു കിടക്കകളില്‍ 1328 ല്‍ കോവിഡ്-കോവിഡിതര രോഗികളാണുള്ളത് (42.7 ശതമാനം). അതില്‍ കോവിഡ് രോഗികള്‍ 385 മാത്രമാണ്. 57 ശതമാനത്തോളം ഐ.സി.യു കിടക്കകള്‍ ഒഴിവുണ്ട്. ആകെ 2293 വെന്റിലേറ്ററുകളില്‍ 322ല്‍ കോവിഡ്-കോവിഡിതര രോഗികളുണ്ട് (14 ശതമാനം). ഇതില്‍ കോവിഡ് രോഗികള്‍ 100 പേരാണ്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്.