
ന്യൂഡൽഹി : ജ്വല്ലറിയിൽനിന്ന് 20 കോടി രൂപയുടെ സ്വർണ–വജ്രാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ മോഷ്‌ടാക്കൾക്ക് ആകെ ചെലവായത് 1,400 രൂപ. ചാന്ദ്നിചൗക്കിൽ നിന്നുവാങ്ങിയ 100 രൂപയുടെ ചുറ്റികയും 1,300 രൂപയുടെ ഡിസ്‌ക് കട്ടറും ഉപയോഗിച്ചായിരുന്നു അടുത്തകാലത്ത് ഡൽഹി കണ്ട എറ്റവുംവലിയ മോഷണമെന്നു പൊലീസ് പറഞ്ഞു.
സൗത്ത് ഡൽഹി ജങ്‌പുരയിലെ ഉമ്രാവ് സിങ് ജ്വല്ലറിയിൽ സെപ്റ്റംബർ 24നായിരുന്നു കവർച്ച. സംഭവത്തിൽ ഛത്തീസ്‌ഗഡിലെ ബിലാസ്‌പുരിൽനിന്ന് പ്രതികളായ ലോകേഷ് ശ്രീവാസ്, ശിവ ചന്ദ്രവംശി എന്നിവരെ ബിലാസ്‌പുർ സിറ്റി പൊലീസ് പിടികൂടി. 24ന് രാത്രി സമീപത്തെ കെട്ടിടത്തിൽ നിന്നാണ് ജ്വല്ലറിയിലേക്ക് കയറിയത്. രാത്രി മുഴുവൻ അവിടെ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മോഷ്‌ടിച്ച ശേഷമാണ് ഇരുവരും സ്ട്രോങ്‌റൂമിലേക്ക് എത്തിയത്.