
കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് 2043.74 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
തുരങ്ക പാതയുടെ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ച പുതുക്കിയ വിശദ പദ്ധതി രേഖയും സർക്കാർ അംഗീകരിച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പാതയുടെ നിർമാണത്തിന് സർക്കാർ ഭരണാനുമതി നൽകിയത്.
പാതയുടെ നിർമാണത്തിന് 12.2 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഇതുകൂടാതെ ഏഴ് ഹെക്ടർ ഭൂമി താൽക്കാലിക പാട്ടത്തിനു എടുക്കേണ്ടി വരും. 8.11 മീറ്റർ നീളത്തിൽ നാലുവരിയുള്ള ഇരട്ട തുരങ്കങ്ങളുള്ള പാതയാണ് ഇത്. 10 മീറ്റർ വീതിയിലാണ് പാത നിർമിക്കുക.
നാലുവരിയിൽ 625 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും തുരങ്കപാതയുടെ ഭാഗമായി നിർമിക്കും.
ഇരുവഴിഞ്ഞി പുഴയ്ക്കു കുറുകെ പാലവും നിർമിക്കേണ്ടി വരും. പാതയുടെ നിർമാണത്തിന് വൈദ്യുതി ബോഡിന്റെതടക്കമുള്ള വസ്തുക്കൾ മാറ്റി സ്ഥാപിക്കുന്നതിന് 34.6 കോടി രൂപയാണ് ചിലവഴിക്കേണ്ടി വരിക.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽനിന്നു തുടങ്ങി വയനാട്ടിലെ മേപ്പാടിയിൽ അവസാനിക്കുന്ന തുരങ്കപാത യാഥാർഥ്യമാവുന്നതോടെ മലബാറിന്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുങ്ങും. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കും ചരക്കു നീക്കത്തിനും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനാണ് തുരങ്കപാത നിലവിൽ വരുന്നതോടെ
അരുതിയാവുന്നത്.