ദോഹ: ഫിഫ ലോകകപ്പിലേക്ക് ഇനി 21 ദിനങ്ങൾ മാത്രം. നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വിസ, കോവിഡ് പരിശോധനാ നയങ്ങളിലെ മാറ്റങ്ങൾ, റോഡ് നിയന്ത്രണങ്ങൾ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ എന്നറിയാം.
സന്ദർശകർ/ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾ അറിയാൻ:
📌നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വീസകൾക്കും ബിസിനസ് വീസകൾക്കും നിയന്ത്രണം.
📌ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം. ലോകകപ്പ് ടിക്കറ്റെടുത്തവർക്കാണു ഹയാ കാർഡ് ലഭിക്കുന്നത്.
📌ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം.
📌വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.
📌യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. സൗദിയിലേക്കു ലോകകപ്പിനു 10 ദിവസം മുൻപ് അതായത് നവംബർ 10 മുതലാണു പ്രവേശനം.
📌ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും ആവശ്യമില്ല.
ഖത്തറിലെ താമസക്കാർ അറിയാൻ:
📌കോവിഡ് അപകട നിർണയ ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രം മതി.
📌വിദേശ യാത്ര കഴിഞ്ഞെത്തുമ്പോഴുള്ള കോവിഡ് പരിശോധന വേണ്ട.
📌ഖത്തറിലെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ ആയിരിക്കും.
📌ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അടക്കും. പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.
📌സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.
📌പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമാണു നിയന്ത്രണം.