Spread the love
വയനാട് – കോഴിക്കോട് തുരങ്കപാതയ്ക്ക് 2134.5 കോടി രൂപ അനുവദിച്ച് കിഫ്ബി

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള ചുരം ബദല്‍ പാതയായ ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2,134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43-ാം ബോര്‍ഡ് യോഗമാണ് ധനാനുമതി നല്‍കിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി 4,597 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പിന്നീട് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരമാണ് 2,134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. വനം ക്ലിയറന്‍സ്, സര്‍ക്കാര്‍ ഭരണാനുമതി എന്നിവ ലഭിച്ചാല്‍ നിര്‍മാണ നടപടികളിലേക്ക് കടക്കാനാവും.

അതേസമയം, മൊത്തം 6,943.37 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് കിഫ്ബി ധനാനുമതി നല്‍കി. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 4,397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ നാല് പദ്ധതികള്‍ക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്കും വെസ്റ്റ് കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് മൂന്ന് പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും കൊച്ചി ബാംഗ്ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്ബുഴയില്‍ ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിക്കും ആയുഷ് വകുപ്പിനു കീഴില്‍ കീഴില്‍ ഇറിയയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply