
സംസ്ഥാനത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2218 പേർ. ദിനംപ്രതിയും രണ്ടു ദിവസത്തിലൊരിക്കലും ഡയാലിസിസ് നടത്തി തങ്ങൾക്ക് അനുയോജ്യമായ വൃക്കകൾ ലഭിക്കുന്നതുവരെ ജീവിതം മുന്നോട്ട് തള്ളിനീക്കുകയാണ് ഈ രോഗികളൊക്കെ. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവിനി പദ്ധതിയിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രണ്ടായിരത്തിനും മുകളിൽ രോഗികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മൃതസഞ്ജീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു 2012 മുതൽ കാത്തിരിക്കുന്ന രോഗികൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. അനുയോജ്യമായ വൃക്ക ലഭിക്കുക എന്നുള്ളതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ ഏറ്റവും പ്രധാന കടമ്പ. ജീവിച്ചിരിക്കുന്നവർ തമ്മിൽ അവയവദാനം നടത്താൻ അനുമതിയുണ്ട്. പക്ഷേ അവർ തമ്മിൽ രക്തബന്ധം ഉണ്ടായിരിക്കണമെന്നാണ് നിയമം. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കൾക്ക് വൃക്കദാനം ചെയ്യുവാനും വൃക്കരോഗികൾക്ക് അനുയോജ്യമായ വൃക്കകൾ കണ്ടെത്തുവാനുമാണ് സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചത്.