ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 236 മുഴകള്‍. ഇതോടെ 34കാരിയായ റിതിക ശര്‍മ്മ ഗർഭപാത്രത്തിൽ നിന്ന് ഏറ്റവും കൂടുതല്‍ മുഴകള്‍ നീക്കം ചെയ്തതിന് റെക്കോര്‍ഡ് നേടി. മുഴകള്‍ക്ക് ആകെ 2,250 ഗ്രാം ഭാരമുണ്ടായിരുന്നു. ഇത്രയും മുഴകള്‍ ഉള്ളതുകൊണ്ട് റിതികയുടെ ഉദരം ഗര്‍ഭിണികളുടേതിന് സമാനമായിരുന്നു. കൂടാതെ അവര്‍ക്ക് ആര്‍ത്തവ സമയത്ത് കടുത്ത വേദനയും ഉണ്ടായിരുന്നു.
സക്ര വേള്‍ഡ് ആശുപത്രിയിലാണ് റിതികയുടെ ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രത്തിന്റെ ഇടതുഭാഗത്ത് മൂത്രാശയത്തിനും മൂത്രനാളത്തിനും താഴെ വലിയ കോളിഫ്ളവറിനോട് സാമ്യമുള്ളതും, പല വലുപ്പത്തിലുള്ളതുമായ മുഴകള്‍ കാണപ്പെട്ടിരുന്നതായി നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയ ഡോ. ശാന്തല തുപ്പണ്ണ പറഞ്ഞു. എല്ലാ സ്ത്രീകളും ഇത്തരം അസുഖങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അനാവശ്യമായ സങ്കീര്‍ണതകൾ ഒഴിവാക്കി കൃത്യ സമയത്ത് തന്നെ വിദഗ്ധരെ സമീപിക്കണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.