തിരുവനന്തപുരം: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആൾക്കു നികുതിയും മറ്റും കിഴിച്ച് 15.75 കോടി രൂപ കയ്യിൽ കിട്ടുമെങ്കിലും സർചാർജ് ഇനത്തിൽ പിന്നെയും നൽകണം 2.75 കോടി രൂപ.
5 കോടിക്കു മുകളിൽ വരുമാനമായി ലഭിച്ചാൽ അതിന് അടയ്ക്കുന്ന നികുതിയുടെ 37% തുക സർചാർജായി അടയ്കണം എന്നാണു നിയമം. നികുതിയും സർചാർജും ചേർന്നുള്ള തുകയുടെ 4% ആരോഗ്യ വിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം. ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25%, തുടർന്ന് 10 കോടി വരെ 37% എന്നിങ്ങനെയാണു സർചാർജ് നൽകേണ്ടത്.
ഈ തുക ലോട്ടറി വകുപ്പ് ഈടാക്കാറില്ല. ലോട്ടറി അടിച്ചയാൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നികുതിയും അടയ്ക്കുകയാണു ചെയ്യുക. പലപ്പോഴും കൃത്യ സമയത്തു നികുതി അടയ്ക്കാത്തതിനാൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിഴയും നൽകേണ്ടി വരാറുണ്ട്. 25 കോടിയുടെ സമ്മാന തുകയിൽ നിന്ന് ഏജന്റിന്റെ കമ്മിഷനും നികുതിയും കുറവു ചെയ്തു ബാക്കി 15.75 കോടി രൂപയാണു സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലോട്ടറി വകുപ്പ് കൈമാറുക. സർചാർജും സെസും കൂടി 2.86 കോടി രൂപ വേറെ അടയ്ക്കണം. ബാക്കി 12.88 കോടി രൂപ മാത്രമാണ് ഒന്നാം സമ്മാന ജേതാവിനു സ്വന്തം ആവശ്യ ത്തിന് ഉപയോഗിക്കാൻ കഴിയുക. ബാങ്ക് അക്കൗണ്ടിൽ പണമെത്തുന്നവർ ആ തുക മുഴുവൻ ഭൂമി വാങ്ങാനും വീടു വയ്ക്കാനും ഒക്കെ ചെലവിട്ടാൽ പിന്നീടു സെസും സർചാർജും അടയ്ക്കാൻ അതെല്ലാം വിൽക്കേണ്ടി വരും.