Spread the love

സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടേയും മറ്റും പാസ്‌വേഡ് മറന്നുപോവുകയെന്നത് പുതിയ കാലത്തെ പേടി സ്വപ്‌നമാണ്. അപ്പോള്‍ മുപ്പതു ലക്ഷം ഡോളര്‍(ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ബിറ്റ് കോയിന്‍ ശേഖരത്തിന്റെ പാസ്‌വേഡ് മറന്നു പോയാലോ? വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലെ? അതും 11 വർഷം ആയിട്ടും അത് കിട്ടിയെല്ലെങ്കിലോ? അങ്ങനെയൊരു വല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ 11 വര്‍ഷം കഴിഞ്ഞയാളുടെ സമ്പത്ത് തിരിച്ചുപിടിക്കാന്‍ സഹായിച്ചത് ഹാക്കര്‍മാരാണ്. 

ഹാക്കര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ പല രീതികളിലൂടെ നമ്മുടെ പണം തട്ടുന്ന ക്രിമിനലുകളെന്നായിരിക്കും ചിന്തിക്കുക. പണം തട്ടാന്‍ മാത്രമല്ല നഷ്ടമായെന്നു കരുതിയ പണം വീണ്ടെടുക്കാനും ഹാക്കര്‍മാര്‍ വഴി സാധിക്കും. വിശ്വസ്തനായ ഒരു ഹാക്കർ വേണമെന്നു മാത്രം. ഓണ്‍ലൈനില്‍ കിങ്പിന്‍ എന്നറിയപ്പെടുന്ന ജോ ഗ്രാന്‍ഡാണ് മുപ്പതു ലക്ഷം ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിന്‍ വാലെറ്റ് തിരിച്ചു പിടിക്കാന്‍ പേരു വെളിപ്പെടുത്താത്ത വ്യക്തിയെ സഹായിച്ചത്. 

പാസ് വേഡ് മറന്നു പോയതിനാല്‍ കഴിഞ്ഞ 11 വര്‍ഷങ്ങളായി സ്വന്തം ബിറ്റ് കോയിന്‍ ശേഖരം നഷ്ടമായ അവസ്ഥയിലായിരുന്നു അയാള്‍. റോബോഫോം എന്ന പാസ്‌വേഡ് ജനറേറ്റര്‍ നല്‍കിയ പാസ്‌വേഡാണ് ക്രിപ്‌റ്റോ കറന്‍സി ശേഖരത്തിന് നല്‍കിയിരുന്നത്. അസാധാരണവും വ്യത്യസ്തവുമായ പാസ്‌വേഡ് സുരക്ഷിതമായിരുന്നെങ്കിലും മറന്നു പോയതോടെ കാര്യങ്ങള്‍ കൈവിട്ടു. തന്റെ കമ്പ്യൂട്ടര്‍ ആരെങ്കിലും ഹാക്കു ചെയ്ത് പാസ്‌വേഡും കണ്ടെത്തി ഈ ക്രിപ്‌റ്റോ കറന്‍സികള്‍ സ്വന്തമാക്കുമോ എന്ന ആശങ്കയും അയാള്‍ക്കുണ്ടായിരുന്നു. 

2022ല്‍ ജോ ഗ്രാന്‍ഡ് സമാനമായ രീതിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പാസ്‌വേഡ് മറന്നു പോയ ഒരാളെ സഹായിച്ചിരുന്നു. അന്ന് 20 ലക്ഷം ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ഗ്രാന്റ് വീണ്ടെടുത്തത്. ഇതിനു ശേഷം പലരും സമാനമായ രീതിയില്‍ ക്രിപ്‌റ്റോ കറന്‍സി ശേഖരം വീണ്ടെടുക്കാന്‍ സമീപിച്ചിരുന്നെങ്കിലും ജോ ഗ്രാന്‍ഡ് പല കാരണങ്ങളാല്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ 30 ലക്ഷം ഡോളര്‍ ബിറ്റ് കോയിന്‍ ഉടമയുടെ ആവശ്യം ഗ്രാന്‍ഡ് അംഗീകരിച്ചു. 

തന്റെ ഹാക്കിങ് ദൗത്യത്തെക്കുറിച്ച് ഗ്രാന്‍ഡ് യുട്യൂബ് വിഡിയോയിലാണ് വിശദീകരിക്കുന്നത്. ബിറ്റ്‌കോയിന്‍ വാലറ്റ് ഉടമ പാസ്‌വേഡ് കോപി ചെയ്ത് ഉപയോഗിച്ച ശേഷം പിന്നീട് ആ ഫയല്‍ തന്നെ വീണ്ടെടുക്കാനാവാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്യുകയായിരുന്നു. പാസ്‌വേഡ് മറന്ന സമയത്ത് ഏതാനും ആയിരം ഡോളറുകള്‍ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. 2013നെ അപേക്ഷിച്ച് 20,000 മടങ്ങിലേറെ ബിറ്റ് കോയിന്‍ മൂല്യം വര്‍ധിച്ചതോടെ കഥമാറി. 

എങ്ങനെയാണ് അസാധ്യമെന്നു കരുതിയ പാസ്‌വേഡ് വീണ്ടെടുക്കല്‍ നടത്തിയതെന്നും ഗ്രാന്‍ഡ് വിശദീകരിക്കുന്നുണ്ട്.  പാസ്‌വേഡ് ജനറേറ്റര്‍മാരുടെ കോഡുകള്‍ തിരിച്ചുപിടിക്കാനായി യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ഉപയോഗിക്കുന്ന ടൂളാണ് ഹാക്കറായ ഗ്രാന്‍ഡും ഉപയോഗിച്ചത്. റോബോഫോമിന്റെ  പാസ്‌വേഡുകള്‍ യാതൊരു ക്രമവുമില്ലാതെയാണ് നിര്‍മിക്കപ്പെടുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിനൊരു ക്രമമുണ്ടെന്ന് കണ്ടെത്തുകയാണ് ഹാക്കര്‍ ചെയ്തത്. അവര്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറിന്റെ പഴയ വെര്‍ഷനുകളില്‍ സമയം നിയന്ത്രിക്കാനായാല്‍ പാസ്‌വേഡുകളേയും നിയന്ത്രിക്കാനാവുമെന്നാണ് ഗ്രാന്‍ഡ് പറയുന്നത്. 

ഏതു സമയത്താണ് റോബോഫോമില്‍ നിന്നും പാസ്‌വേഡ് ജെനറേറ്റ് ചെയ്തതെന്ന് മനസിലാക്കി ആ സമയത്ത് നിര്‍മിക്കപ്പെടാന്‍ സാധ്യതയുള്ള പാസ്‌വേഡുകള്‍ കണ്ടെത്തുകയാണ് ഗ്രാന്‍ഡ് ചെയ്തത്. എന്നിട്ട് ഈ പാസ്‌വേഡ് ഉപയോഗിച്ചപ്പോള്‍ ബിറ്റ്‌കോയിന്‍ വാലെറ്റ് തുറക്കാനും 250 കോടി രൂപ തിരിച്ചുപിടിക്കാനും സാധിച്ചു. എങ്കിലും ഭാഗ്യം കൂടി തുണച്ചതുകൊണ്ടാണ് അത് സാധ്യമായയെന്നാണ് ഗ്രാന്‍ഡ് ഓര്‍മിപ്പിക്കുന്നത്. 

Leave a Reply