സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് (Covid 19) കേസുകള്‍ കുത്തനെ കൂടുമ്പോഴും കൂസലില്ലാതെ ജനം. ഇന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 255 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് മാത്രം അറസ്റ്റിലായത് 144 പേരാണ്. 152 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3070 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഒമിക്രോണ്‍ കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആള്‍കൂട്ടം ഒഴിവാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ നിരവധിയാണ്. സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്.
തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആണുള്ളത്. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.