വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും.
എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ്’ പിൻവലിക്കുക, പൊതുമേഖല ബാങ്കുകളിലെ ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (AIBOC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (NCBE), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (AIBOA) എന്നിവ അടക്കം ഒന്‍പത് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.പണിമുടക്കോടെ തുടര്‍ച്ചയായ നാലു ദിവസമാണ് ബാങ്ക് അടഞ്ഞു കിടക്കുക. മാര്‍ച്ച് 22 ന് രണ്ടാം ശനി പ്രമാണിച്ച് ബാങ്ക് അവധിയാണ്. 23 ന് ഞായറാഴ്ച അവധിയും വരുമ്പോള്‍ ഫലത്തില്‍ നാല് ദിവസമാണ് ബാങ്ക് അടഞ്ഞു കിടക്കുക.