Spread the love

പുണെ∙ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ പുണെയിലെ ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള വന്ദനാ ദ്വിവേദി (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പുണെയ്ക്കു അടുത്തുള്ള ഹോട്ടലിലായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ കാമുകൻ ഋഷഭ് നിഗത്തെ (30) മുംബൈയിൽനിന്ന് പൊലീസ് പിടികൂടി. ഇയാളിൽനിന്ന് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന പിസ്റ്റൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ഹിൻജേവാരി മേഖലയിലെ ഒയോ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോൾ വന്ദനയുടെ മൃതദേഹം കണ്ടെത്തി. നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ രക്തക്കറയുമുണ്ടായിരുന്നു.

കൊല്ലപ്പെട്ട വന്ദനയും ഋഷഭും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്നും പത്തു വർഷത്തോളമായി പ്രണയത്തിലാണെന്നും പൊലീസ് പറഞ്ഞു . ബന്ധത്തിലുണ്ടായ ഉലച്ചിലുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ഋഷഭിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ലക്നൗവിൽ ജോലി ചെയ്യുന്ന ഋഷഭ്, വന്ദനയെ കാണാനാണ് പുണെയിൽ എത്തിയത്. ജനുവരി 25 മുതൽ ഇരുവരും ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. 27നു രാത്രി 9.30ഓടെയാണ് വന്ദന കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അന്നു രാത്രി 10ന് ഋഷഭ് റൂമിൽനിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ഇയാൾ ടാക്സി വിളിച്ച് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പ്രണയബന്ധത്തിൽനിന്ന് വന്ദന പിൻമാറാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു . അടുത്തിടെ ലക്നൗവിൽവച്ച് ഋഷഭിനു നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നിൽ വന്ദനയാണെന്ന് ഋഷഭ് സംശയിച്ചിരുന്നു. മാത്രമല്ല, വന്ദന മറ്റൊരാളുമായി പ്രണയത്തിലാണെന്നും സംശയമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നത്.

Leave a Reply