Spread the love

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി പി.ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർചെയ്തുവെന്ന പരാതിയെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന
എസ്.ഐ യെ തിരിച്ചെടുത്തു. കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് (ഡി.എച്ച്.ക്യു.) എസ്.ഐ.ആയിരുന്ന പുരുഷോത്തമൻ അറക്കലിനെയാണ് തിരിച്ചെടുത്തത്. വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി പി.ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുരുഷോത്തമൻ ഷെയർചെയ്തു എന്ന് ചൂണ്ടിക്കാണിച്ച് കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് 14ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.ആനന്ദകുമാർ ഇലക്‌ഷൻ കമ്മിഷനും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പുരുഷോത്തമൻ അറയ്ക്കലിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് സസ്പെൻഷൻ പിൻവലിക്കാൻ കണ്ണൂർ ഡിഐജി ഉത്തരവിട്ടു. സമാന രീതിയിൽ മറ്റ് മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചു. അതിൽ രണ്ടുപേരുടെയും സസ്പെൻഷൻ തുടരുകയാണ്. വളപട്ടണം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കാമ്പ്രത്തും ന്യൂ മാഹി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. എം.പി.ജയകൃഷ്ണനുമാണ് ഇപ്പോഴും സസ്പെൻഷനിലുള്ളത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥി രാജീവൻ കപ്പച്ചേരിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ‘യു.ഡി.എഫ്. പട്ടുവം പേജിലെ പോസ്റ്റ് ഷെയർചെയ്തു എന്നാണ് ബിജുവിനെതിരെ ഉള്ള പരാതി. ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ബിന്ദുവിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട സി.പി.ഐ. അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പോസ്റ്റ് ഷെയർ ചെയ്തു എന്നാണ് ജയകൃഷ്ണന്റെ പേരിലുള്ള പരാതി.

Leave a Reply