3 ദിവസം ലോക്ഡൗൺ ഇളവ്: രാത്രി എട്ടുവരെ കടകൾ തുറക്കാം
തിരുവനന്തപുരം: വ്യാപാരികളുടെ സമ്മർദത്തിന് വഴങ്ങി സംസ്ഥാനത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച് ലോക്ഡൗൺ ഇളവുമായി സർക്കാർ. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകൾ. ഡി കാറ്റഗറിയിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി.
വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ഇളവുകൾ അനുവദിച്ചത്. കടകളുടെ പ്രവർത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമായിരുന്നു. പൊലീസ് കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന് വർഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.