ദശരഥത്തിന്റെ 32-ാം വാർഷികമാണ് ഇന്ന്.
കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമയാണ് ‘ദശരഥം’
സ്ത്രീകളെ വെറുക്കുന്ന, മുഴുകുടിയനായ , അതിസമ്പന്നനായ രാജീവ് മേനോൻ; തന്നെ സ്നേഹിക്കാൻ ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം എത്തിക്കുന്നത് ക്യത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്ന ചിന്തയിലേക്കാണ്. ഒടുവിൽ അതിന് ആനി എന്ന യുവതി, ഭർത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നേടാം എന്നതു കൊണ്ട് തയ്യാറായി വരുന്നു.
തന്റെ മകൻ അവന്റെ അമ്മയോട് ഒട്ടിച്ചേർന്ന് കിടന്ന പോലെ തന്നെയും അമ്മ ചേർത്ത് കിടത്തിരിക്കുമോ എന്ന രാജീവിന്റെ ചോദ്യം ഇന്നും കാഴ്ചക്കാരെ പൊള്ളിക്കുന്ന ഒന്നാണ്. ആനിയ്ക്ക് മകനോടുള്ള സ്നേഹം അയാൾക്ക് നഷ്ടപ്പെട്ട അമ്മവാത്സല്യം വീണ്ടും അയാളെ ഓർമ്മിപ്പിക്കുകയാണ്. ‘വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന നടൻ,’ എന്ന വിശേഷണം പറയുമ്പോൾ മലയാളിയുടെ മനസ്സിൽ വരുന്ന മുഖമാണ് ദശരഥത്തിലെ മോഹൻലാൽ. കാലമെത്ര ചെന്നാലും ആ കഥാപാത്രത്തെ മറക്കാൻ മലയാളിക്ക് ആവില്ല. നിസ്വാർഥ സ്നേഹം കൊതിച്ചുകൊണ്ട് ,ഉള്ളിലെ കടലിരമ്പം മറച്ചുപിടിച്ചുകൊണ്ട്, മുഖത്ത് ചിരിവരുത്തി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?”എന്ന ചോദ്യവും.