വ്യവസായ സൗഹൃദമാകുന്ന നാടിന് ദ്രോഹമനസോടെ പ്രവര്‍ത്തിക്കുന്ന ചിലയാളുകൾ ശാപമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായസൗഹൃദ നടപടികള്‍ വഴി സമീപകാലത്ത് സംസ്ഥാനത്തിന് 3200 കോടിയുടെ വാഗ്ദാനങ്ങള്‍ ലഭിച്ചെന്നും തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസംനില്‍ക്കുന്ന കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ശശി തരൂര്‍ എം.പി. പുകഴ്ത്തി.
വ്യവസായ സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്ന് ലുലുമാള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സംരംഭങ്ങള്‍ക്ക് എങ്ങനെ ഉടക്ക് വയ്ക്കാമെന്നാണ് ഇവര്‍ ആലോചിക്കുന്നത്. പൊതു താല്‍പര്യമെന്ന പേരില്‍ എതിര്‍ക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ പുതിയ വിദ്യകളുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി കേരളത്തിന്റെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ വികസനത്തിനുവേണ്ടി നില്‍ക്കുന്നയാളാണെന്നു പറഞ്ഞ ശശി തരൂര്‍ എം.പി അതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്ന കാര്യങ്ങളെ പുകഴ്ത്തി.
നേരത്തെ കെ റെയിലിനെതിരെ യുഡിഎഫ് എം.പിമാർ കേന്ദ്ര റെയിൽ മന്ത്രിക്ക് നൽകിയ കത്തിൽ ശശി തരൂർ ഒപ്പുവയ്ക്കാത്തത് വിവാദമായിരുന്നു. വിഷയത്തെ പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നായിരുന്നു തരൂരിന്റെ നിലപാട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ ലുലുമാള്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആക്കുളത്ത് 2000 കോടി രൂപ മുടക്കിൽ 20 ലക്ഷം ചതുരശ്രയടിയിലാണ് ലുലു മാൾ നിർമിച്ചിരിക്കുന്നത്.