അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് ബോട്ടിൽനിന്ന് വലിയ ലഹരിവേട്ട നടത്തി ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോള്‍ ബ്യൂറോയും (എൻസിബി). സംയുക്ത പരിശോധനയിൽ 3,330 കിലോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 5 പാക്കിസ്ഥാൻ പൗരന്മാർ പിടിയിലായി.
പോർബന്തറിന് സമീപത്തായി ബോട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 3,089 കിലോ ചരസ്, 158 കിലോ മെത്താഫെറ്റമിൻ, 25 കിലോ മോർഫിൻ തുടങ്ങിയവയാണ് കണ്ടെത്തിയത്. ചരസിനുമാത്രം രാജ്യാന്തര വിപണയിൽ ഏഴു കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്.
ചൊവ്വാഴ്ചയാണ് നിരീക്ഷണ വിമാനത്തിന്റെ പരിശോധനകൾക്കിടെ പോർബന്തറിന് സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാവികസേനയുടെ കപ്പൽ വഴിതിരിച്ചുവിട്ട് ബോട്ടിനെ തടയുകയായിരുന്നു. ഒരാഴ്ച മുൻപും 2,500 കോടി മൂല്യമുള്ള ലഹരിമരുന്ന് പിടികൂടിയിരുന്നു. പുണെയിലും ഡൽഹിയിലുമായി നടത്തിയ പരിശോധനയിൽ 1,100 കിലോഗ്രാം മൊഫെഡ്രോണാണ് പിടികൂടിയത്.