കാക്കനാട്: എഐ ക്യാമറയിൽ 80 തവണ കുടുങ്ങി പിഴയടയ്ക്കാൻ നെട്ടോട്ടമോടുന്നതു 35 പേർ. ഇവരുൾപ്പെടെ 216 പേരെയാണ് 20 ൽ കൂടുതൽ തവണ ക്യാമറ കുരുക്കിയത്. 90 തവണ കുരുങ്ങിയ ഏതാനും പേരുമുണ്ട്. വാഹനത്തിന്റെ ഇരട്ടി വില പിഴയടച്ചാലും തീരാത്ത കേസിലാണ് പെട്ടിരിക്കുന്നത്.എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ ആർടിഒ എസ്.പി.സ്വപ്നയുടെ നേതൃത്വത്തിലാണു കൂടുതൽ തവണ ക്യാമറയിൽ കുരുങ്ങിയവരുടെ കണക്കു തയാറാക്കിയത്. ഒരേ ദിവസം തന്നെ 10–15 തവണ വരെ ക്യാമറക്കണ്ണിൽപെട്ട ഹെൽമറ്റില്ലാ യാത്രക്കാരാണു കൂടുതലും.
ഇരുചക്ര വാഹനങ്ങളിൽ ദീർഘദൂരം യാത്ര ചെയ്യുന്ന ചിലരാണു ഹെൽമറ്റില്ലാതെ വഴിനീളെയുള്ള ക്യാമറകളിൽ മിനിറ്റുകൾ ഇടവിട്ടു കുരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹെൽമറ്റില്ലാതെ ഒരുതവണ പിടിച്ചാൽ 500 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 1,000 രൂപയുമാണു പിഴ.
ക്യാമറ ഇല്ലാതിരുന്ന കാലത്ത് ഹെൽമറ്റില്ലാതെ ഒരിടത്തു പിടിവീണു പിഴയടച്ചാൽ അന്നു മറ്റെവിെടയെങ്കിലും ഇതേ കുറ്റത്തിനു പിടിച്ചാൽ നേരത്തെ പിഴയടച്ച രസീതു കാട്ടി രക്ഷപ്പെടാമായിരുന്നു. ക്യാമറക്കാലമായതിനാൽ ഓരോ ക്യാമറയിൽ കുരുങ്ങുമ്പോഴും പിഴ വീണുകൊണ്ടേയിരിക്കും. പിഴയടയ്ക്കാൻ മൊബൈൽ ഫോണിലേക്കു തുടരെ സന്ദേശമെത്തുമ്പോഴാണ് ഇവർ ഞെട്ടുന്നത്.