Spread the love

റോഡ് തകരാറുകൾ കണ്ടെത്താൻ ത്രീഡി റഡാർ.


ദോഹ : റോഡുകളുടെ തകരാറുകൾ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ത്രീ ഡൈമൻഷനൽ റഡാറുകൾ (ത്രിഡി-ജിപിആർ) ഉപയോഗിച്ചു തുടങ്ങി.
റോഡുകൾ, പാലങ്ങൾ, സ്വീവേജ് ശൃംഖലകൾ എന്നിവയുടെ ഭൂമിക്കു താഴെയുള്ള ഭാഗങ്ങൾ പരിശോധിച്ച് തകരാറുകൾ കണ്ടെത്താൻ ത്രീഡി റഡാറുകൾ ഉപയോഗിച്ചു തുടങ്ങിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി. പ്രധാന ഉപരിതലത്തിൽ പ്രത്യക്ഷമാകുന്നതിന് മുൻപേ തന്നെ റോഡുകളുടെ കീഴ്ഭാഗത്തെ പാളികളിലെ വിള്ളലുകളും തകരാറുകളും കണ്ടെത്തി പരിഹരിക്കാൻ കഴിയും. ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ഉപരിതലത്തിന് താഴെ നാലു മീറ്റർ വരെ ആഴത്തിൽ സ്‌കാൻ ചെയ്യാൻ ത്രീഡി-റഡാറുകൾക്ക് കഴിയും. വാഹനത്തിൽ ജിപിആർ റഡാറുകൾ ഘടിപ്പിച്ചാണ് പ്രവർത്തനം.
മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ റഡാറുകൾ ഡേറ്റ ശേഖരിക്കും. എക്‌സാമിനർ പ്രോഗ്രാം ഉപയോഗിച്ചാണ് വിലയിരുത്തുന്നത്.
ലേസർ ക്രാക്ക് മെഷർമെന്റ് സിസ്റ്റത്തിലൂടെ കണ്ടെത്തുന്ന മറ്റ് ഉപരിതല തകരാറുകൾ സംബന്ധിച്ച ഡേറ്റകളും ത്രീഡി-ജിപിആർ ഡേറ്റകളുമായി സംയോജിപ്പിച്ചാണ് വിലയിരുത്തൽ.
റോഡിന്റെ ഉപരിതലത്തിലേക്ക് കേടുപാടുകൾ വ്യാപിക്കാതെ നിയന്ത്രിക്കാനും വേഗത്തിൽ പരിഹാരം കാണാനും റോഡ്, ഗതാഗത സുരക്ഷ ഉറപ്പാക്കാനും മാത്രമല്ല റോഡ് അറ്റകുറ്റപ്പണികളുടെ  പ്രവർത്തനച്ചലവ് കുറയ്ക്കാനും കഴിയുമെന്ന് അതോറിറ്റി അധികൃതർ വ്യക്തമാക്കി. മിഡ്മാക് പാലത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. സമീപഭാവിയിൽ തന്നെ റോഡ് ശൃംഖലകളിലുടനീളം ത്രീഡി-റഡാറുകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ ശക്തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply