തിരുവനന്തപുരം : സെപ്റ്റംബറിൽ അവസാനിച്ചത് 123 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവു മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം. സാധാരണ ലഭിക്കേണ്ടത് 201.86 സെന്റിമീറ്റർ മഴയാണെങ്കിൽ ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ മാത്രം. 34% കുറവ്. 1918ലും 1976ലും മഴ ഇതിലും കുറവായിരുന്നു.
ഇക്കൊല്ലം ഏറ്റവും കൂടുതൽ മഴ സെപ്റ്റംബറിലും കുറവ് ഓഗസ്റ്റിലുമായിരുന്നു. സെപ്റ്റംബറിൽ പതിവുള്ള 27.2 സെന്റിമീറ്ററിനു പകരം 41.4 സെന്റിമീറ്റർ പെയ്തതോടെ വരൾച്ചഭീഷണി ഒരുപരിധി വരെ കുറഞ്ഞു. ജൂണിൽ 26.03, ജൂലൈയിൽ 59.2 (65.3), ഓഗസ്റ്റിൽ 6 (44.5) സെന്റിമീറ്റർ വീതം മഴ ലഭിച്ചു. കഴിഞ്ഞ 3 വർഷമായി സംസ്ഥാനത്തു കാലവർഷം ശരാശരിയിലും കുറവാണ്. ഇക്കൊല്ലം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷക്കാലത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.