പെരിന്തൽമണ്ണ: അരിപ്രയില്‍ റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പരിക്കേറ്റയാളുടെ ബന്ധുവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മണ്ണാറമ്പ് സ്വദേശി തടിയന്‍കോടന്‍ ഷഹബാസ് (24), സുഹൃത്തുക്കളായ കരിമ്പനക്കല്‍ ഫറൂഖ് (22), കല്ലുവെട്ടി അക്ബര്‍ ഫാസില്‍ (22), ആക്കപ്പറമ്പില്‍ ഷിഹാഫ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം. അരിപ്ര മണ്ണാറമ്പിൽ റോഡില്‍ ബൈക്ക് കുറുകെ നിര്‍ത്തി മാര്‍ഗതടസ്സമുണ്ടാക്കിയത് ചോദ്യംചെയ്ത മണ്ണാറമ്പ് തടിയന്‍കോടന്‍ അബൂബക്കര്‍ സിദ്ദീഖിനാണ് കുത്തേറ്റത്. മാരകമായി പരിക്കേറ്റ ഇയാൾ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പിടിയിലായ ഷഹബാസ് യുവാവിനെ തടഞ്ഞുവച്ച് പണവും മൊബൈലും കവര്‍ന്ന കേസിലും നിരവധി അടിപിടിക്കേസുകളിലും പ്രതിയാണ്. കാപ്പ നിയമപ്രകാരം ജില്ലാ പൊലീസ് നടപടി സ്വീകരിച്ചുവരുന്നയാളുമാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മങ്കട എസ്ഐ ജീഷിൽ, എസ്ഐമാരായ ഷംസുദ്ദീൻ, അബ്ദുൽ സലാം, അനിൽകുമാർ, സിപിഒമാരായ രാജേഷ്, പ്രീതി, ഡ്രൈവർ എസ്‌സിപിഒ അഷ്റഫ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.