Spread the love

പള്ളിക്കത്തോട് : നെടുമാവ് ഉതിക്കുഴയിൽ തെരുവുനായയുടെ കടിയേറ്റു. മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മുഖത്തും കൈകളിലും തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. 3 ദിവസത്തിനിടെയാണ് മേഖലയിൽ തെരുവ് നായ ആക്രമണം രൂക്ഷമായത്. തെരുവുനായയെ ഭയന്ന് വീടിന്റെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് പ്രദേശവാസികൾക്ക്. ചൊവ്വാഴ്ച വൈകുന്നേരം പ്ലസ്ടു വിദ്യാർഥിയെയും ബുധനാഴ്ച പ്രദേശവാസികളായ 3 പേരെയുമാണ് തെരുവുനായ കടിച്ച് പരുക്കേൽപിച്ചത്. ഒട്ടേറെപ്പേരെ ഓടിച്ചിട്ട് കടിക്കാനും തെരുവുനായ ശ്രമിച്ചു.

ഇതോടെ നാട്ടുകാരും ഭീതിയിലായി. പ്ലസ്ടു വിദ്യാർഥി ജിത്തു ചൊവ്വാഴ്ച വൈകിട്ട് 5ന് സ്കൂൾ വിട്ട് വീട്ടിലേക്ക് കയറി വരുന്നതിനിടെ തെരുവുനായ ആക്രമിച്ച് പരുക്കേൽപിക്കുകയായിരുന്നു. പ്രദേശവാസികളായ ആൻസി, ശ്രീധരൻ എന്നിവർക്ക് ബുധനാഴ്ച രാവിലെയാണ് കടിയേറ്റത്. വൈകുന്നേരം പ്രദേശവാസിയായ ശശിക്കും കടിയേറ്റു.

ശശിയുടെ നെഞ്ചിലും 2 വിരലിലും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വീടിന്റെ വരാന്തകളിൽ കയറിക്കിടക്കുന്ന തെരുവുനായയാണ് നാട്ടുകാരെ ആക്രമി‌ച്ചത്. പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നായ രക്ഷപ്പെട്ടു. കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പരുക്കേറ്റ 4 പേരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Leave a Reply