ചെന്നൈ ∙ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ പെയ്ത പേമാരിയിൽ റെയിൽവേ ട്രാക്ക് തകർന്നതിനെ തുടർന്നു ശ്രീവൈകുണ്ഠം സ്റ്റേഷനിൽ ട്രെയിനിൽ കുടുങ്ങിയ 687 യാത്രക്കാരെ 40 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. അടിയന്തര മെഡിക്കൽ സഹായം വേണ്ടി വന്ന പൂർണഗർഭിണി അടക്കം 5 പേരെ വ്യോമസേന ഹെലികോപ്റ്ററിൽ നീക്കിയതിനു ശേഷം , ബാക്കിയുള്ളവരെ റെയിൽവേ സംരക്ഷണ സേന, ദുരന്ത നിവാരണ സംഘം എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനത്തെത്തിച്ചു. തുടർന്നു ബസിൽ എല്ലാ ട്രെയിൻ യാത്രക്കാരെയും 50 കിലോമീറ്റർ അപ്പുറത്തുള്ള വഞ്ചി മണിയാച്ചി റെയിൽവേ സ്റ്റേഷനിലെത്തിച്ച ശേഷം അവിടെനിന്ന് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് അയച്ചു.
തിരുനെൽവേലി – തൂത്തുക്കുടി സെക്‌ഷനിൽ ട്രാക്കുകളും സിഗ്നൽ സംവിധാനങ്ങളും ഉൾപ്പെടെ തകർന്നതോടെ ഈ മേഖലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു . കേരളത്തിലേക്കുള്ളത് അടക്കം ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. 12 കിലോമീറ്ററിലേറെ ട്രാക്ക് തകർന്നതായാണു റിപ്പോർട്ട്. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങി. അണക്കെട്ടുകളിൽ നിന്നു തുറന്നു വിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ താമ്രപർണി നദിയിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചു ഭക്ഷണം വിതരണം തുടരുകയാണ്.
പ്രളയത്തിൽ മരണം 10 ആയി. 160 ദുരിതാശ്വാസ ക്യാംപുകളിലായി 17000 പേരാണു കഴിയുന്നത്. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ ദുരിതബാധിതർക്ക് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ഹെലികോപ്റ്ററുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു.
കനത്ത മഴ, പ്രളയം: ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ അഞ്ഞൂറോളം യാത്രക്കാർ ട്രെയിനിൽ കുടുങ്ങി
ഡൽഹിയിലെത്തിയ സ്റ്റാലിൻ പ്രധാനമന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയ ശേഷം കേന്ദ്രസഹായം വീണ്ടും ആവശ്യപ്പെട്ടു. പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കും വിധം മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകുന്നതിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പരാജയപ്പെട്ടതാണു സ്ഥിതി രൂക്ഷമാകാൻ കാരണമെന്നു മുഖ്യമന്ത്രിയും തമിഴ്നാട് ചീഫ് സെക്രട്ടറിയും കുറ്റപ്പെടുത്തി.
കരുതലുമായി നാട്ടുകാർ
പേമാരിയിലും ഇരുട്ടിലും ട്രെയിനിൽ കുടുങ്ങിയ 687 പേർ കടന്നു പോയ അസാധാരണ സാഹചര്യത്തിൽ തുണയായത് പ്രദേശവാസികളുടെ കരുതൽ. 40 മണിക്കൂറോളം ട്രെയിനിൽ കഴിയേണ്ടി വന്നതോടെ ആവശ്യത്തിനു ഭക്ഷണവും വെള്ളവുമില്ലാതെ കുട്ടികൾ അടക്കം വലഞ്ഞു. തിരുച്ചെന്തൂരിൽ നിന്നു ചെന്നൈയിലേക്ക് വരികയായിരുന്ന ചെന്ദൂർ എക്സ്പ്രസ് (20606) ആണു തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ കുടുങ്ങിയത്.
17നു രാത്രി 8.25നു തിരുച്ചെന്തൂരിൽ നിന്നു പുറപ്പെട്ട ട്രെയിൻ 33 കിലോമീറ്റർ അകലെ ശ്രീവൈകുണ്ഠം സ്റ്റേഷനിലെത്തിയതോടെ റെയിൽ പാളത്തിന് അടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോയി. മുന്നോട്ടും തിരിച്ചും പോകാനാകാത്ത അവസ്ഥയിൽ എണ്ണൂറോളം യാത്രക്കാരാണു രാത്രി 9 മണി മുതൽ ശ്രീവൈകുണ്ഠത്തു കുടുങ്ങിയത്.
സ്റ്റേഷനുള്ളിൽ അടക്കം വെള്ളം കയറിയതോടെ പ്രദേശവാസികൾക്കും ഭക്ഷ്യവസ്തുക്കളെത്തിക്കാൻ കഴിഞ്ഞില്ല. വെള്ളം അൽപം ശമിച്ചപ്പോൾ പുതുക്കുടി ഗ്രാമത്തിലെ ഒട്ടേറെപ്പേർ ചേർന്നു ഭക്ഷണം എത്തിച്ചു നൽകിയതായും യുവതി പറഞ്ഞു. ട്രെയിനിലെ വെള്ളം തീർന്നതിനെ തുടർന്നു ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുകയായിരുന്നു.
തിരുച്ചെന്തൂർ ക്ഷേത്രദർശനം കഴിഞ്ഞ് ചെന്നൈ മേഖലയിലേക്കു വന്നവരായിരുന്നു യാത്രക്കാരിലേറെയും. വൈകിട്ടോടെ ട്രാക്കിലൂടെ 2 കിലോമീറ്ററോളം നടന്നാണു യാത്രക്കാർ ബസിൽ കയറിയത്. ഇവർക്കായി വിവിധയിടങ്ങളിൽ മെഡിക്കൽ സംഘത്തെയും തയാറാക്കി നിർത്തിയിരുന്നു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ശ്രീവൈകുണ്ഠം. 48 മണിക്കൂറിനുള്ളിൽ 62.1 സെന്റീമീറ്റർ മഴയാണ് ഈ മേഖലയിൽ പെയ്തത്.