Spread the love

15 വർഷത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചു 40 ലക്ഷം വിലമതിക്കുന്ന വജ്രം!


മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള  വജ്രഖനിയിൽനിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കണ്ടെത്തി. 8.22 കാരറ്റുള്ള വജ്രമാണ് കണ്ടെത്തിയത്. 15 വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് നാലു തൊഴിലാളികൾക്ക് വജ്രം ലഭിച്ചത്. വജ്ര ഖനനത്തിന് ഇന്ത്യയിൽ തന്നെ ഏറ്റവും പേരുകേട്ട സ്ഥലമാണ് ഈ പ്രദേശം. പതിറ്റാണ്ടുകളായി ഇവിടെ വജ്രഖനികൾ പ്രവർത്തിക്കുന്നുണ്ട്. വലിയ തോതിലുള്ള ഖനന പദ്ധതികൾക്ക് പുറമേ സ്വന്തം നിലയിലും കൂട്ടംചേർന്നുമെല്ലാം ഭാഗ്യം തേടി ഇവിടേക്കെത്തുന്നവർ ഏറെയാണ്.
സർക്കാരിൽ നിന്നും ഭൂമി  പാട്ടത്തിനെടുത്താണ് പലരും ഭാഗ്യം പരീക്ഷിക്കുന്നത്. സ്വന്തംനിലയിൽ വജ്രം തേടുന്നവർ പിക്കാസ് പോലെയുള്ള ചെറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്ത് പരിശോധനകൾ നടത്തുന്നത്.സമാനമായ രീതിയിൽ ഭൂമി പാട്ടത്തിനെടുത്ത രത്തൻലാൽ പ്രജാപതിയെയും കൂട്ടുകാരെയുമാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. ഇവർ നാലുപേരും ചേർന്ന് 15 വർഷമായി വജ്രം ഖനനം നടത്തി വരികയായിരുന്നു. ആറു മാസങ്ങൾക്കു മുൻപ് ഹിരാപുർ തപാരിയൺ എന്ന സ്ഥലത്ത് ഇവർ പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നുമാണ് ഇപ്പോൾ വജ്രം ലഭിച്ചിരിക്കുന്നത്.
കണ്ടെത്തിയ വജ്രം പന്നയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഡയമണ്ട് ഓഫീസിന് കൈമാറ്റം ചെയ്യും. സെപ്റ്റംബർ 21ന് അത് ലേലത്തിൽ വയ്ക്കുമ്പോൾ കിട്ടുന്ന തുകയിൽ നിന്നും 11.5 % നികുതി കഴിച്ച് ബാക്കി തുക ഖനനം നടത്തിയവർക്ക് ലഭിക്കും.കഴിഞ്ഞമാസം പ്രകാശ് മജുംദാർ എന്ന കർഷകന് പന്നയിൽ നിന്നും 6. 47 കാരറ്റ് വജ്രം ലഭിച്ചിരുന്നു. 2016 ലെ കണക്കുകൾ പ്രകാരം 952 ഖനികളാണ് പന്നയിലുള്ളത്. ഇവയിൽനിന്നെല്ലാമായി ഇതുവരെ ആകെ 835 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. ഇവയ്ക്കു പുറമേ നിയമാനുസൃതമല്ലാത്ത ധാരാളം ഖനികളും പന്നയിൽ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു യാഥാർഥ്യം.

Leave a Reply