എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താൽ അതിന് നേരെ കല്ലെറിയുന്ന ഷംസീർ എന്നയാളെ കണ്ണൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചാല ഈസ്റ്റ് പൊതുവാച്ചേരി സ്വദേശിയായ ഇയാൾ മത്സ്യ വില്പനക്കാരനാണ്. ബൈക്കിന്റെ മുന്നിലെ ബാഗിൽ ഇയാൾ കല്ലുകൾ സൂക്ഷിച്ചിരിക്കും. ആംബുലൻസിന്റേതടക്കം ചില്ലുകൾ ഇയാൾ എറിഞ്ഞ് തകർത്തിട്ടുണ്ട്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.തന്റെ വാഹനത്തിന് മുന്നിലേക്ക് ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്ത് വന്നാൽ കല്ലെറിയും എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മുൻവൈരാഗ്യമോ പ്രകോപനമോ ഇല്ലാതെയുള്ള ഇത്തരത്തിലുള്ള ആക്രമണം മാനസ്സികാരോഗ്യപ്രശ്നമാകാമെന്നാണ് വിദഗ്ധാഭിപ്രായം.